'ക്ലീന്‍ ഇന്ത്യ' പ്രചാരണം തുടങ്ങി
Posted on: 21 Dec 2011
ന്യൂഡല്‍ഹി: രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരങ്ങളിലും ശുചിത്വം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ 'ക്ലീന്‍ ഇന്ത്യ' പ്രചാരണത്തിന് തുടക്കമിട്ടു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പദ്ധതി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയില്‍ 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 12 ശതമാനം വളര്‍ച്ചയും പദ്ധതി ലക്ഷ്യമിടുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ സ്മാരകങ്ങളും ബീച്ചുകളും സ്റ്റേഷനുകളും ബസ്‌സ്റ്റോപ്പുകളും വൃത്തിയായി സൂക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ശുചിത്വത്തിന്റെ പ്രാധാന്യം സംബന്ധിച്ച സമഗ്രമായ പ്രചാരണം ടൂറിസം മന്ത്രാലയം സംഘടിപ്പിക്കും. അടുത്ത മൂന്ന് മാസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. പ്രചാരണപരിപാടികള്‍ക്ക് ശേഷം അടുത്ത ഏപ്രിലിലോടെ 'ക്ലീന്‍ ഇന്ത്യ' പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കും.
വിനോദസഞ്ചാര മേഖലയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ശുചിത്വം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറയാന്‍ ശുചിത്വമില്ലായ്മയാണ് പ്രധാന കാരണം. തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മന്ത്രാലയം ഈയിടെ നടത്തിയ സര്‍വേയില്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം, ജനപ്രതിനിധികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 'ക്ലീന്‍ ഇന്ത്യ' പദ്ധതി നടപ്പാക്കുക.
നിലവില്‍ 57 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് വര്‍ഷംതോറും ഇന്ത്യയിലെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആറ് ദശലക്ഷം വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.