Monday, 6 June 2011

മരം വെട്ടാതിരിക്കാന്‍ 5000 രൂപ; കമലപ്പരുന്തിന്റെ കൂട് കാക്കാന്‍ വനംവകുപ്പ്

മരം വെട്ടാതിരിക്കാന്‍ 5000 രൂപ; കമലപ്പരുന്തിന്റെ കൂട് കാക്കാന്‍ വനംവകുപ്പ്
Posted on: 07 Jun 2011

ആര്‍. ഹരി


കോട്ടയം: കേരളത്തില്‍ ആകെ 57 എണ്ണം; ഈ പക്ഷി കൂടുവച്ചിരിക്കുന്നത് 20 മരങ്ങളില്‍ മാത്രം. ഉത്തരമലബാറിലെ കടല്‍ത്തീരത്ത് മാത്രം കാണപ്പെടുന്ന 'കമലപ്പരുന്ത്' എന്ന അപൂര്‍വയിനം പരുന്തിന്റെ കൂട് കാക്കാനും സംരക്ഷിക്കാനും ഒടുവില്‍ വനംവകുപ്പുതന്നെ രംഗത്ത്.

കേരളത്തില്‍ മാഹി മുതല്‍ കാസര്‍കോട് വരെ കടലിനോട് ചേര്‍ന്നുള്ള 150 കിലോമീറ്റര്‍ ദൂരത്ത് മാത്രമേ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പരുന്തിനെ കാണാനാവൂ. കടല്‍ കാണാവുന്നത്ര ഉയരത്തിലുള്ള മാവ്, ആല്‍, പാല മരങ്ങളില്‍ മാത്രമേ ഇവ കൂടുകെട്ടൂ. വനംവകുപ്പ് ഈ വര്‍ഷമാദ്യം നടത്തിയ പ്രത്യേക സര്‍വേ അനുസരിച്ച് കൂടുള്ള ഈ 20 മരത്തില്‍ പത്തെണ്ണം സര്‍ക്കാര്‍ ഭൂമിയിലും പത്തെണ്ണം സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലുമാണ് കണ്ടെത്തിയത്. സ്വകാര്യവ്യക്തികള്‍ മരം വെട്ടിയാല്‍ ഇവയുടെ നാശമാകും ഫലം. കൂടുള്ള മരങ്ങള്‍ വെട്ടിമാറ്റാതെ സംരക്ഷിക്കാന്‍ ഒന്‍പത് കുടുംബത്തിന് വനംവകുപ്പ് 5000 രൂപ വീതം അനുവദിച്ചിരിക്കുകയാണ്.

'വൈറ്റ് ബെല്ലീഡ് സീ ഈഗിള്‍' എന്ന ഈയിനം പരുന്തിന് കാനയ്ക്കന്‍, മുക്കുവത്തപ്പന്‍, മരീത്തലച്ചി, മീഞ്ചാടി എന്നിങ്ങനെ നാടന്‍പേരുകളുണ്ട്. കേരളത്തില്‍ ഈ പക്ഷിക്കുവേണ്ടി സര്‍വേ നടത്തുന്നത് ഇതാദ്യമായാണ്. കണ്ണൂര്‍ ഫൈ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. സി.ടി. ജോജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനവരി, ഫിബ്രവരി മാസങ്ങളില്‍ സര്‍വേ സംഘടിപ്പിച്ചത്.

പക്ഷിനിരീക്ഷകനും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗവുമായ ഡോ. ജാഫര്‍ പാലോട്ട്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് കാസര്‍കോട് ജില്ലാ കോ-ഓഡിനേറ്റര്‍ പി.കൃഷ്ണന്‍, 'സീക്ക്' പരിസ്ഥിതി സംഘടനാ പ്രതിനിധി ഡോ. ഇ.ഉണ്ണികൃഷ്ണന്‍, 'നെയ്തല്‍' പ്രകൃതിസംഘടനാംഗവും അധ്യാപകനുമായ പ്രവീണ്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കടല്‍ കാണാവുന്ന തരത്തില്‍ ഉയരമുള്ള മരങ്ങളിലാണ് ഇവ കൂടൊരുക്കുന്നതെന്ന് സി.ടി. ജോജു പറഞ്ഞു. ''ഒരു തവണ ഒന്നോ രണ്ടോ മുട്ടകളേ ഇടൂ. മുട്ട വിരിയിച്ചെടുത്താല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മാത്രമേ ഇവ ഭക്ഷണംനല്‍കി സംരക്ഷിക്കൂ. അതുകൊണ്ട് ഇവയുടെ വംശവര്‍ധനയുടെ തോത് വളരെ കുറവാണ്. 57 പക്ഷികളില്‍ 17 കുഞ്ഞുങ്ങള്‍ മാത്രമേയുള്ളൂ. സാധാരണ പരുന്തുകളുമായി ഇവ ഇണചേരില്ല. ഇക്കാരണത്താലാണ് ഇവയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്നത്. വന്യജീവി സംരക്ഷണനിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ടകമലപ്പരുന്തിനെ പിടിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണ്.

ഇരുന്നാല്‍ 80 സെ.മീ. ഉയരമുള്ള കമലപ്പരുന്തിന് സാധാരണ പരുന്തിനേക്കാള്‍ വലിപ്പമുണ്ട്. ചിറക് വിരിച്ചാല്‍ 2.2 മീറ്റര്‍ നീളം വരും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പ്രാപ്പിടിയന്‍ പക്ഷിയായ കമലപ്പരുന്ത് വടക്കേ മലബാര്‍ കഴിഞ്ഞാല്‍ പിന്നെ കാണപ്പെടുന്നത് ആന്‍ഡമാന്‍ ദ്വീപില്‍ മാത്രം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

No comments:

Post a Comment