Monday, 6 June 2011

ഇന്ന് പരിസ്ഥിതി ദിനമാണ്.

ചേട്ട അകത്ത് ശീവോതി പുറത്ത്!
Posted on: 04 Jun 2011
ഡോ. സി.ആര്‍.രാജഗോപാലന്‍

ഇന്ന് പരിസ്ഥിതി ദിനമാണ്. ദിവസങ്ങള്‍ കടന്നുപോകും തോറും പാരിസ്ഥിതിക ദുരന്തങ്ങള്‍ ഏറുകയാണ്; കുറയുകയല്ല. നയങ്ങള്‍
തല തിരിഞ്ഞുപോകുമ്പോള്‍ ചീത്ത അകത്തും നല്ലത് പുറത്തുമാവുന്നു


തവള മണ്ണിരയോടു ചോദിച്ചു
പൂമ്പാറ്റകള്‍ എന്നു മടങ്ങിവരും
മണ്ണിര പറഞ്ഞു
ചിറകുകള്‍ ഞാനും തേടുകയാണ്


വിദഗ്ധക്കോയ്മകളും ജൈവശാസ്ത്രസ്ഥാപനങ്ങളും ഏറെയുള്ള ലോകത്തില്‍ മറ്റൊരു പരിസ്ഥിതിദിനം കൂടി കടന്നുവരികയാണ്. ഒന്നുകില്‍ ഭൂമി സ്വയം അതിജീവിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ മനുഷ്യനു വിവേകം വേണമെന്ന ബോധം ഉണ്ടാകും. ചിപ്‌ക്കോ ആന്ദോളന്‍ പോരാളിയായ സുന്ദര്‍ലാല്‍ ബഹുഗുണ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇനിയും പലര്‍ക്കും മനസ്സിലായില്ല. ഇവിടെ ഒത്തുകൂടിയവര്‍ ഓരോരുത്തരും ഒരു മരം നട്ടിരുന്നുവെങ്കില്‍ കേരളം വൃക്ഷനിബിഢമായേനെ എന്ന്. അനുഗൃഹീതമായ ഈ താഴ്‌വര മുച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്നവര്‍ തന്നെയാണ് കാലത്തിന്റെ കാറ്റ് തിരിച്ചറിയാത്തത്. ഓരോ ദിനങ്ങള്‍ കടന്നുപോകുമ്പോഴും ലോകത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഏറുകയാണ്. അനുഭവിക്കേണ്ടി വരുന്നവരാകട്ടെ അരികിലേക്കു പുറന്തള്ളപ്പെട്ട സാധാരണക്കാരും സ്ത്രീകളും കുട്ടികളും ജീവജാലങ്ങളുമാണ്. യൂറോപ്പില്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിനു കൂട്ടായി കന്യാകുമാരിക്കടുത്ത് ആണവനിലയത്തിനു മുറവിളി കേള്‍ക്കുന്നു. വികസിതസ്വര്‍ഗരാജ്യമായ ജപ്പാനില്‍നിന്നു കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാസ്യമല്ല. ആണവമാലിന്യങ്ങള്‍ കടലിലും കരയിലും നിറയുന്നു. കൂനിന്മേല്‍ കുരുവെന്നോണം താപനിലയം നമുക്കും വേണം.

പുതിയ ബഹുവിഷമസന്ധിയിലൂടെ ലോകം കടന്നുപോകുകയാണ്. ക്ഷാമഭീഷണി, കാലാവസ്ഥാമാറ്റം, ഭക്ഷ്യസുരക്ഷ, ഉര്‍വരതാനഷ്ടം, ശുദ്ധജലനാശം, പുതുരോഗങ്ങള്‍, ഈ-വേയ്സ്റ്റ്, പ്രകൃതിവിഭവങ്ങളുടെ ശോഷണം, പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളുടെ കൈയേറ്റം, വനനാശം, എന്നിങ്ങനെ മനുഷ്യന്റെ ഇടപെടല്‍കൊണ്ടുമാത്രം ദുരിതമനുഭവിക്കേണ്ടിവരുന്ന ഭൂമിയുടെ നിലനില്പിനായി നമുക്കെന്തു ചെയ്യാന്‍ കഴിയും. വിഷമസന്ധിയിലൂടെ മലനാടു കടന്നുപോകുമ്പോഴും സാക്ഷരതാകേരളത്തിനു മാധ്യമങ്ങള്‍ ഇതറിയിച്ചുകൊണ്ടിരിക്കുമ്പോഴും പാരിസ്ഥിതികമായ പ്രതിസന്ധികള്‍ നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദശകങ്ങളില്‍ ആത്മാര്‍ഥതയുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെ ആവേശകരമായ ശ്രമഫലമായി ബോധ-ബോധനതലത്തില്‍ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് പരിസ്ഥിതിവിജ്ഞാനത്തിന് പ്രാധാന്യം ലഭിച്ചു. അങ്ങനെ സെമിനാര്‍ കേളികളും നടന്നു, ഫ്ലക്‌സ് ബോര്‍ഡുകളുയര്‍ന്നു. പ്ലാച്ചിമടയിലെ കൊക്കകോളാ വിരുദ്ധസമരവും അതിരപ്പിള്ളി സമരവും എന്‍ഡോസള്‍ഫാന്‍ നിരോധനസമരവും വിജയം കണ്ടപ്പോള്‍ മറ്റുകൊച്ചുകൊച്ചു സമരങ്ങള്‍ പരാജയപ്പെട്ടുപോയി.


പത്രമാധ്യമങ്ങള്‍ തുറന്നാല്‍ ഏറെ കാണുന്നത് പുഴസംരക്ഷണം, പ്ലാസ്റ്റിക്ക് വിരുദ്ധസമരം, വയല്‍സംരക്ഷണം, വയല്‍നികത്തുന്നതിനെതിരായ പ്രതിഷേധം, കുന്നിടിക്കുന്നതിനെതിരായ മുന്നേറ്റം, നിരോധിച്ച കീട-കളവിഷനാശിനികള്‍ക്കെതിരായ സമരം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, രാസമാലിന്യങ്ങള്‍ നദികളിലൊഴുക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പ്, കരിമണല്‍ ലോബികള്‍ക്കെതിരായ ജനകീയസമരം, മണല്‍മാഫിയാ വിളയാട്ടം, തീരദേശസംരക്ഷണം, ആസ്പത്രികളിലെ കെടുകാര്യസ്ഥത, ഇംഗ്ലീഷ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മൃഗവേട്ട, കാടുകൈയേറ്റം ആനപീഡനം, മാലിന്യനിക്ഷേപം, പലതരം പനികള്‍, മഴക്കാല പകര്‍ച്ചവ്യാധികള്‍, പാറമടകളുടെ സംരക്ഷണം, കര്‍ഷക ആത്മഹത്യകള്‍, കുടിയൊഴിപ്പിക്കല്‍, ഗോത്രവര്‍ഗങ്ങളുടെ അതിജീവനം എന്നിവയാണ്. സൈലന്റ്‌വാലി, പൂയംകുട്ടി, പാത്രക്കടവ് പോലുള്ള വനസംരക്ഷണ വാര്‍ത്തകള്‍ അപ്രത്യക്ഷമായി. അന്താരാഷ്ട്രവനവര്‍ഷം കൊണ്ടാടുമ്പോള്‍ കാടിനെ മറന്നുവോ. വനനയം മുദ്രാവാക്യങ്ങളിലും ബോര്‍ഡുകളിലുമൊതുങ്ങരുത്. ലോകഹരിതപൈതൃകത്തിലിടം നേടിയ സഹ്യാദ്രിയിലെ മഴക്കാടുകള്‍ നിലനില്‍ക്കണം. ആനത്താരകളില്‍ സഹ്യപുത്രന്മാര്‍ വിഹരിക്കണം. മലമുഴക്കിവേഴാമ്പലുകള്‍ താഴ്ന്നു പറക്കണം. കടുവകള്‍ അതിര്‍ത്തികള്‍ നിശ്ചയിക്കണം. അത്യുന്നതമായ മുടികളില്‍ വരയാടുകളുടെ കാലടിത്താളം കേള്‍ക്കണം. ആദിവാസി ഊരുകളില്‍നിന്ന് ചാറ്റുപാട്ടുകളുയരണം.


എന്നാലിന്ന് പുലികളും ആനകളും കാട്ടുപോത്തുകളും പന്നികളും നാട്ടിലിറങ്ങിയതിന്റെ വാര്‍ത്തകള്‍ ഹരമാകുന്നു. കാട്ടിലും സുരക്ഷിതത്വം നഷ്ടപ്പെട്ടു. ആനകളെ മയക്കുവെടിവെക്കാന്‍ കാട്ടിലും നാട്ടിലും വിദഗ്ധന്മാര്‍ തയ്യാറായിനിന്നു. ഇതാണ് പരിസ്ഥിതി പരിതാവസ്ഥ.


ടൂറിസം 'തൂറിസ'മായി കായലുകള്‍ മലീമസമായി. 'സുന്ദര' മായ നാഷണല്‍ ഹൈവേകളുടെ അരികിലെ മാലിന്യക്കൂമ്പാരങ്ങളുടെ നടുവില്‍, ഇവിടെ മാലിന്യം നിക്ഷേപിക്കരുത്, എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ജാഥയായെത്തി തിരിച്ചുപോകുന്നു. വിവാഹം, സല്‍ക്കാരങ്ങള്‍ എന്നിവയുടെ ബാക്കിഭക്ഷണങ്ങള്‍ നാട്ടുകുളങ്ങളിലും വയലുകളിലും റോഡരികിലും മാന്യമായി തട്ടുന്നു. പ്ലാസ്റ്റിക്കില്‍ കെട്ടിയ ബോംബുകള്‍ എറിയുകയും അതു ശ്വസിച്ചൊരു വഴിനടത്തവുമാകാം. ഗ്ലൗസുപോലും ഉപയോഗിക്കാതെ നഗരങ്ങളിലെ തൂപ്പുകാരും കുടുംബശ്രീ സഹോദരിമാരും ചെയ്യുന്ന സേവനങ്ങള്‍ ആരാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തോട്ടികള്‍ക്ക് മാന്യമായ ജീവിതം ഉണ്ടാക്കാന്‍ സമരം ചെയ്തത് ഗാന്ധിജിയാണ്. ലാലൂരും ചക്കംകണ്ടവും വിളപ്പില്‍ശാലയും കേരളീയന്റെ വ്യാജമായ പരിസ്ഥിതിബോധത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. അധരവ്യായാമം അത്താഴത്തിനു കൂട്ട്. പ്രാദേശിക കൂട്ടായ്മയുണ്ടാക്കി പ്രായോഗികമായി മുന്നേറുക എന്ന സന്തുലിത വികസനമന്ത്രത്തിനുപകരം വിനാശതന്ത്രങ്ങളാണ് മിക്കവരും പിന്തുടരുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയധികം മുറവിളികള്‍ നടക്കുന്നതിനു സമാന്തരമായാണ് കാണെക്കാണെ നശീകരണവും നടക്കുന്നത്.


ഭാരതപ്പുഴ സംരക്ഷണത്തിനുവേണ്ടി എത്രയധികം പ്രോജക്ടുകളുണ്ടായി. ഇപ്പോള്‍ മണല്‍ വ്യാപാരമായി, നിയമാനുസൃതമായി. ഓണ്‍ലൈന്‍ ബുക്കിങ്ങായി. ഭൂസംരക്ഷണത്തിനുള്ള വിഭാഗം തന്നെ പാറപൊട്ടിക്കാന്‍ ലൈസന്‍സു നല്‍കുന്നു. വയല്‍സംരക്ഷണനിയമം കാറ്റില്‍ പറത്തുന്നത് ആരാണ്. പുഴ മലിനീകരണത്തിനു ഒത്താശ ചെയ്യുന്നവരാരാണ്. മായം ചേര്‍ക്കാന്‍ കൂട്ടുചേരുന്നതാരാണ് എന്നൊക്കെ നമുക്കറിയാമെങ്കിലും എല്ലാം ആവര്‍ത്തിക്കുന്നു. ആവര്‍ത്തനവാദം വഴി മാറ്റമുണ്ടാകുകയില്ലെന്ന ബോധം ജനങ്ങളിലുണ്ടായിരിക്കുന്നു. പരിവര്‍ത്തനത്തിന് ഇച്ഛാശക്തിയുള്ള വിദ്യാര്‍ഥികളും യുവജനങ്ങളും ഉണരേണ്ടിയിരിക്കുന്നു. കാസര്‍കോടിന്റെ മാത്രമല്ല കേരളത്തിന്റെ പൊതുവായ ജീവല്‍പ്രശ്‌നമാണ് എന്‍ഡോസള്‍ഫാന്‍ എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായില്ലേ? കോര്‍പ്പറേറ്റ് ലോബികള്‍ രംഗത്തുവന്നുവെങ്കിലും മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമാണ്. എന്‍ഡോസള്‍ഫാന്റെ അന്തരാളഘട്ടത്തിലാണ് നാമിപ്പോള്‍. നിരോധനം തത്ത്വത്തില്‍ ഒരു മുന്നേറ്റമാണ്. എന്നാല്‍, സംയോജിത കീടനിയന്ത്രണത്തിന് ഈ മാരകവിഷം തന്നെ മതിയെന്ന് അന്യ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്ന ദുര്‍വിധിയുണ്ടാകുന്നു. കേരളത്തില്‍ മുഴുവന്‍ പലപേരുകളില്‍ മാവിന്‍തോപ്പുകളിലും തേയിലത്തോട്ടങ്ങളിലും ഇടവിളകളിലും ഈ വിഷപ്രയോഗം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരിക്കുന്നു.


ഭക്ഷ്യ-പോഷക-ഔഷധഗുണമുള്ള നാട്ടുഭക്ഷണ സംസ്‌കാരമുണ്ടായിരുന്ന നാട്ടില്‍ വിഷരഹിതഭക്ഷണം സ്വപ്നമാവുകയാണ്. ജൈവകാര്‍ഷികനയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ, കീട-കളനാശിനിക്കമ്പനികളുടെ അനുനയത്തില്‍ നാം വീണുപോയി. പെരിയാര്‍ മലിനമാകുന്നത് കീടനാശിനികള്‍ ഉത്പാദിപ്പിക്കാനാണ്. ചാലിയാറില്‍നിന്ന് കാതിക്കുടത്തേക്ക് ദൂരമധികമില്ല. കുട്ടനാടിന്റെ പരിസ്ഥിതിസംഘര്‍ഷങ്ങള്‍ക്കു കാരണം ടണ്‍ കണക്കിനുള്ള വിഷപ്രയോഗമാണ്. വിഷത്തിന്റെ വിഷമവൃത്തം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ദുരന്തങ്ങള്‍ക്ക് കാതോര്‍ക്കാം.


പ്രകൃതിവിഭവങ്ങളുടെ കാര്യത്തില്‍ കേള്‍വികേട്ട കേരളത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥയെപ്പറ്റിയുള്ള പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടോ. പഞ്ചഭൂതങ്ങള്‍ തന്നെ തീറെഴുതി വില്പനച്ചരക്കാക്കുന്ന സമകാലത്തിലാണ് നാമിപ്പോള്‍. വിഭവങ്ങളില്‍നിന്ന് ജനങ്ങളെ ഒറ്റപ്പെടുത്തുന്ന തന്ത്രം വിജയിച്ചുകൊണ്ടിരിക്കുന്നു. നീര്‍ച്ചോലകളില്‍ നിന്ന് കുപ്പിവെള്ളത്തിലേക്ക്. അതിയന്‍ വിത്തില്‍നിന്ന് മൊണ്‍സാന്റോയുടെ അന്തകന്‍ വിത്തിലേക്ക്. നാട്ടുഭക്ഷണത്തില്‍നിന്ന് ഫാസ്റ്റ്ഫുഡ്ഡിലേക്ക്. നാട്ടുചന്തകളില്‍നിന്ന് റിലയന്‍സ് മാര്‍ക്കറ്റുകളിലേക്ക്. കൈക്കുമ്പിളിലെ ആരോഗ്യം സൂപ്പര്‍ സ്‌പെഷലിസ്റ്റുകളിലേക്ക്. മണ്ണിന്റെ പശിമ, മഴകളുടെ അനുഗ്രഹം, ധാന്യങ്ങളുടെ പോഷകത്വം, ആയുസ്സിന്റെ അറിവ്, നാട്ടുകാവുകളുടെ നിറവ്, സസ്യങ്ങളുടെ ആരാമം, ജൈവവൈവിദ്ധ്യം, നാട്ടുകാരണവന്മാരുടെ ജ്ഞാനം എന്നിങ്ങനെ ഇവിടെയുള്ള സജീവസംസ്‌കൃതിയെപ്പറ്റിയുള്ള തിരിച്ചറിവുണ്ടാകുന്നില്ല. ആനകളെ കണികാണുന്ന കുന്നിന്‍ചെരിവുകളില്‍ ജെ.സി.ബി.യാണ് കാവല്‍നില്‍ക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന പുഴകളില്‍ മണല്‍ലോറികളുടെ വിഹാരമാണ്. സായന്തനം കാണാനെത്തുന്ന കടലോരങ്ങളില്‍ ബീച്ചുമാമാങ്കങ്ങളുടെ മാലിന്യങ്ങളും. മഴക്കാടുകളുടെ താഴ്‌വരകളില്‍ റിസോര്‍ട്ടുകള്‍. ഇന്ന് ഇക്കോ ടൂറിസത്തിന്റ പേരിലാണ് നമ്മുടെ കാടുകള്‍തന്നെ മലീമസമാകുന്നത്.


ഏറെ പ്രതീക്ഷനല്‍കുന്ന കോഴിക്കോട്ടെ പ്ലാസ്റ്റിക് രഹിതനഗരം പരാജയപ്പെടുന്നുവോ. അതിരപ്പിള്ളിയില്‍ ഈ ആശയം മുന്നേറുകയാണ്. നഗരത്തിലെ അനിവാര്യതയാണ് മാലിന്യങ്ങള്‍. ഉപഭോഗസംസ്‌കാരത്തിനു മാലിന്യങ്ങള്‍ തട്ടാന്‍ ഞെളിയന്‍പറമ്പുകള്‍ വേണം. ഇ-വേസ്റ്റുകളും കുന്നുകൂടുന്നു. എന്നാല്‍, ഗ്രാമങ്ങളാകട്ടെ ഉത്പാദനകേന്ദ്രങ്ങളായിരുന്നു. ഐങ്കുടികമ്മാളരും ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മിച്ചവരുമായ പാവപ്പെട്ടവരുടെ ഗ്രാമീണസാങ്കതികവിദ്യകളില്‍നിന്ന് നാം ഏറെ പുറകോട്ടുപോയി.


സന്തുലിതപാരിസ്ഥിതികബോധം നിറഞ്ഞ നാട്ടുവിജ്ഞാനങ്ങളുടെ ഗുരുകുലങ്ങള്‍ ഇടിച്ചുനിരത്തി പുതിയ പാപ്പാസുകോയ്മകള്‍ വിലസി. ഗവേഷണം പൊടിപൊടിക്കുമ്പോള്‍ ആരോഗ്യദായകമായ എത്രയോ നാട്ടിനങ്ങള്‍ കൈമോശം വന്നുപോയി. കണ്ണിലെണ്ണയൊഴിച്ച് ഉണ്ണികളെക്കാത്ത അമ്മുമ്മവൈദ്യവും നാട്ടുവൈദ്യവും പുതുസംസ്‌കാരത്തിന് കരടായി. സുചിത്വകേരളം സുന്ദരകേരളം എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. മറ്റൊരു മഴക്കാലരോഗങ്ങള്‍ക്കൂടി കടന്നുവരാതിരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ചേട്ട അകത്തും ശീവോതി പുറത്തുമാകാതിരിക്കണം.



No comments:

Post a Comment