Monday, 6 June 2011

പരിസ്ഥിതി ആഘാത പഠനസമിതി

പരിസ്ഥിതി ആഘാത പഠനസമിതി ഉടന്‍-ഉമ്മന്‍ചാണ്ടി
Posted on: 07 Jun 2011


തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്ത് പരിസ്ഥിതി ആഘാത പഠനസമിതികള്‍ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പരിസ്ഥിതി' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി ആഘാത പഠനസമിതികള്‍ രൂപവത്കരിക്കുന്നതിനുള്ള രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ അവ നിലവില്‍വരും. നേരത്തെതന്നെ ഇത്തരമൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നുവെങ്കിലും പരിസ്ഥിതി ആഘാതപഠന സമിതികള്‍ വേണ്ടായെന്ന നിലപാടായിരുന്നു മുന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പരിസ്ഥിതി ആഘാത പഠനസമിതികള്‍ നിലവില്‍ വരുന്നതോടെ വന്‍ വികസന പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതി സംസ്ഥാനത്തിനുതന്നെ നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം എന്നത് ഇന്ന് ജീവിക്കുന്നവരുടെ പ്രശ്‌നമാണ്. പരിസ്ഥിതി സംരക്ഷണം നാളത്തെ തലമുറയുടെ പ്രശ്‌നവും. നാളെയെ മറന്നുള്ള വികസനം പാടില്ലെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ അധ്യക്ഷതവഹിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.വി. നായര്‍, സോയില്‍ സര്‍വ്വേ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.എന്‍. പ്രേമചന്ദ്രന്‍, ഡോ. കെ.കെ. രാമചന്ദ്രന്‍, ഡോ. കമലാക്ഷന്‍ കോക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment