Monday 28 November 2011

17-ാമത് കാലാവസ്ഥാ ഉച്ചകോടി

ഭിന്നതകള്‍ക്കിടെ കാലാവസ്ഥാ ഉച്ചകോടി തുടങ്ങി
Posted on: 29 Nov 2011


ഡര്‍ബന്‍: ആശങ്കയ്ക്കും പ്രതീക്ഷകള്‍ക്കും നടുവില്‍ ഐക്യരാഷ്ട്ര സഭയുടെ 17-ാമത് കാലാവസ്ഥാ ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ആരംഭിച്ചു.

ആഗോളതാപനത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി 1997-ല്‍ അവതരിപ്പിക്കപ്പെട്ട ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനവരിയില്‍ കഴിയാനിരിക്കേയാണ് ലോകരാജ്യങ്ങള്‍ പുതിയ ഉടമ്പടി രൂപവത്കരിക്കാനായി ഡര്‍ബനില്‍ ഒത്തുചേര്‍ന്നിട്ടുള്ളത്. പന്ത്രണ്ടു ദിവസം നീളുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയും ചാഡ് പ്രസിഡന്റ് ഇദ്രിസ് ദേബി ഇറ്റനോയും മുഖ്യാതിഥികളായിരുന്നു.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ ഉടമ്പടി നിലവില്‍ വരേണ്ടത്അനിവാര്യമാണെങ്കിലും ലോകരാജ്യങ്ങള്‍ തമ്മില്‍ ഇനിയും ഈ വിഷയത്തില്‍ സമവായത്തിലെത്തിയിട്ടില്ല. ക്യോട്ടോയുടെ തുടര്‍ച്ചയ്ക്കായി കഴിഞ്ഞ വര്‍ഷം നടന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടി കടുത്ത നിരാശ അവശേഷിപ്പിച്ചാണ് പിരിഞ്ഞത്. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കേണ്ടതിന്റെ തോതുസംബന്ധിച്ചും ഇതിനുള്ള ഉത്തരവാദിത്വം സംബന്ധിച്ചുമാണ് വികസിത, വികസ്വര രാജ്യങ്ങള്‍ തമ്മില്‍ പ്രധാനമായും ഭിന്നത നിലനില്‍ക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടത് ലോകജനതയുടെ പൊതുവായ ലക്ഷ്യമാണെങ്കിലും ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്തചുമതലകളാണ് നിറവേറ്റാനുള്ളതെന്ന് വ്യക്തമാക്കുന്ന ക്യോട്ടോ ഉടമ്പടി അമേരിക്കയുള്‍പ്പെടെയുള്ള വ്യവസായവല്‍കൃത രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. വികസിത രാജ്യങ്ങള്‍ക്കൊപ്പം തന്നെ ഉത്തരവാദിത്വം വികസ്വര രാജ്യങ്ങള്‍ക്കുമുണ്ടെന്ന വാദഗതിയുയര്‍ത്തിയാണ് തുടര്‍ ഉടമ്പടികള്‍ക്കായുള്ള ചര്‍ച്ചകള്‍ക്കും അമേരിക്ക തുരങ്കം വെക്കുന്നത്. പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്‍വാങ്ങി ഇന്ത്യയും ഇപ്പോള്‍ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ക്യോട്ടോയെ തള്ളിപ്പറഞ്ഞ രാജ്യങ്ങളുടെ കൂട്ടായ്മയായ ഏഷ്യ -പസഫിക് പാര്‍ട്ണര്‍ഷിപ് ഓണ്‍ ക്ലീന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് എന്ന സംഘടനയില്‍ ഇന്ത്യയും അംഗമാണ്. ലോകത്ത് ആകെ പുറന്തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളുടെ നല്ലൊരു പങ്കും ഈ രാജ്യങ്ങളില്‍ നിന്നാണ്.

ക്യോട്ടോയുടെ ബദല്‍ ഉടമ്പടിയുടെ രൂപരേഖ ഡര്‍ബനില്‍ തയ്യാറാക്കുമെന്ന് യു.എന്‍. കാലാവസ്ഥാവിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വൈകിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 10,000 കോടി ഡോളറിന്റെ സഹായം നല്‍കുന്നതിനുള്ള ഹരിത ഫണ്ട് സംബന്ധിച്ച് ഈ ഉച്ചകോടിയില്‍ അന്തിമ തീരുമാനമുണ്ടാവുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേരുന്ന ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് ആശാവഹമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കഴിഞ്ഞ ഉച്ചകോടിയില്‍ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും കെടുതികള്‍ കൈകാര്യം ചെയ്യാനും ചില ഉറച്ച തീരുമാനങ്ങള്‍ എടുത്തതായി ലോകജനതയ്ക്ക് ബോധ്യം വരുത്തുന്ന രീതിയിലാവണം ഇത്തവണത്തെ ഉച്ചകോടി പിരിയേണ്ടതെന്ന് യു.എന്‍. കാലാവസ്ഥാ വിഭാഗം മേധാവി ക്രിസ്റ്റീന ഫിഗറെസ് പറഞ്ഞു.

No comments:

Post a Comment